Monday, September 3, 2012

ഇക്കാലത്തെ ചെറുപ്പക്കാര്‍ കരയില്ലെന്ന്‌ ആരാണ്‌ പറഞ്ഞത്‌?



യുദ്ധം അനാഥരാക്കുന്നവരെ ആരും ഓര്‍ക്കുന്നില്ല.
യുദ്ധം ഏതൊക്കെയോ ചക്രവര്‍ത്തിമാരുടേയും രാഷ്ട്രത്തലവന്‍മാരുടേയും ജയപരാജയങ്ങളുടെ ചരിത്രമായി അവശേഷിച്ചൊടുങ്ങുന്നു.

ഇതേവരെയുണ്ടായിട്ടുള്ളതില്‍ വച്ചേറ്റവും ശക്തിമത്തായ യുദ്ധവിരുദ്ധസിനിമ.
ഏറ്റവും ദു:ഖസാന്ദ്രമായ ആനിമേഷന്‍ സിനിമ. നിരൂപകര്‍ "ഷിന്‍ഡിലേഴ്സ്‌ ലിസ്റ്റി"നോളം വാഴ്ത്തിയ സിനിമ.
1988-ല്‍ പുറത്തിറങ്ങിയ Grave of the Fireflies എന്ന ജപ്പാന്‍ ആനിമേറ്റഡ്‌ സിനിമയെക്കുറിച്ചാണ്‌ ഈ വിശേഷണങ്ങളൊക്കെ. Hotaru no Haka എന്നാണ്‌ സിനിമയുടെ യഥാര്‍ത്ഥപേര്‌. തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്‌ Isao Takahata. Akiyuki Nosaka ഇതേപേരിലെഴുതിയ ആത്മകഥാപരമായ നോവലിണ്റ്റെ അനുരൂപീകരണമാണ്‌ ഈ സിനിമ.

1945, രണ്ടാം ലോകമഹായുദ്ധത്തിണ്റ്റെ അവസാന ഘട്ടം. ജപ്പാനിലെ കോബ്‌ (Kobe) നഗരത്തില്‍ അമേരിക്ക നടത്തിന്ന ഫയര്‍ബോംബിങ്ങില്‍ പെട്ട്‌ അനാഥരാകുന്ന രണ്ട്‌ കുട്ടികളുടെ കഥയാണ്‌ "ഗ്രെയ്‌വ്‌ ഒഫ്‌ ദി ഫയര്‍ഫ്ളൈസ്‌". തടികൊണ്ടുണ്ടാക്കിയ വീടുകള്‍ ധാരാളമുള്ള കോബ്‌ ഫയര്‍ബോംബിങ്ങില്‍ കത്തിയമര്‍ന്നു. ആയിരങ്ങള്‍ മരിച്ചൊടുങ്ങി. ലക്ഷങ്ങള്‍ ആകാശം മേല്‍ക്കൂരയാക്കി. ഏകദേശം 12-13 വയസ്സുള്ള സീറ്റ(Sieta)യും നാലുവയസ്സുള്ള സഹോദരി സെത്സുകോ(Setsuko)യും ഫയര്‍ബോംബിങ്ങിനിടയില്‍ അമ്മയില്‍ നിന്ന്‌ ഒറ്റപ്പെട്ടുപോകുന്നു. അവരുടെ അച്ഛന്‍ നാവികസേനയിലാണ്‌. പിന്നീട്‌ ആശുപത്രിയില്‍ അമ്മയെ അതീവ ഗുരുതരമായി പൊള്ളലേറ്റനിലയില്‍ കണ്ടെത്തുന്നു. താമസിയാതെ അമ്മ മരിക്കുന്നു. കുഞ്ഞുപെങ്ങളെ സീറ്റ ഇക്കാര്യം അറിയിക്കുന്നില്ല. പിന്നീടവര്‍ അകന്നബന്ധത്തിലുള്ള അമ്മായിയുടെ വീട്ടില്‍ അഭയം തേടുന്നു. ആദ്യമൊക്കെ സ്നേഹം പ്രകടിപ്പിച്ചെങ്കിലും പിന്നീട്‌ അമ്മായിക്ക്‌ കുട്ടികളോടുള്ള മനോഭാവത്തില്‍ മാറ്റം വരുന്നു. കടുത്ത ക്ഷാമത്തിനിടെ രണ്ട്‌ കുട്ടികളെക്കൂടി തീറ്റിപ്പോറ്റേണ്ടിവരുന്നതില്‍ അവര്‍ക്ക്‌ താത്പര്യമില്ലാതായി. സീറ്റ തണ്റ്റെ അമ്മയുടെ കുപ്പായങ്ങള്‍ അമ്മായിക്ക്‌ വില്‍ക്കുന്നു ആഹാരത്തിന്‌ വേണ്ടി. എങ്കിലും കുറെക്കഴിഞ്ഞ്‌ അമ്മായിയുടെ ഈറയുള്ള പെരുമാറ്റം സഹിക്കാനാകാതെ കുട്ടികള്‍ ഒഴിഞ്ഞ ഒരിടത്തെ ബോംബ്‌ ഷെല്‍റ്ററിലേക്ക്‌ താമസം മാറ്റി. പക്ഷെ ആഹാര സമ്പാദനം അത്ര എളുപ്പമായിരുന്നില്ല. സീറ്റ എയര്‍ റൈഡിംഗ്‌ നടക്കുന്നതിനിടയില്‍ മോഷണം പതിവാക്കുന്നു. ഇതിനിടയില്‍ സെത്സുകോയ്ക്ക്‌ അസുഖം ബാധിക്കുന്നു. അവശനിലയിലായ കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ അവള്‍ക്ക്‌ മരുന്നല്ല നല്ല ആഹാരമാണ്‌ നല്‍കേണ്ടതെന്ന്‌ നിര്‍ദ്ദേശിക്കുന്നു. രോഗിണിയായ കുഞ്ഞനുജത്തിയെ മാറോടടുക്കി സീറ്റ നിസ്സഹായനായി. അമ്മയുടെ പേരിലുള്ള തുക സീറ്റയ്ക്ക്‌ ബാങ്കില്‍ നിന്ന്‌ ലഭിക്കുന്നു. പക്ഷെ ബാങ്കില്‍ വച്ച്‌ യുദ്ധത്തില്‍ ജപ്പാന്‍കാര്‍ കീഴടങ്ങിയെന്നും അതോടൊപ്പം ജപ്പാണ്റ്റെ കപ്പല്‍പ്പട മുങ്ങിപ്പോയെന്നും കേള്‍ക്കുന്നു. ആ കപ്പല്‍പ്പടയില്‍ കുട്ടികളുടെ അച്ഛനുമുണ്ടായിരുന്നു. സീറ്റ തളര്‍ന്ന്‌ പോകുന്നു. അവണ്റ്റെ അവസാനത്തെ ആശയും കെട്ടുപോകുന്നു. നിറയെ ആഹാര സാധനങ്ങളുമായി ഷെല്‍റ്ററിലെത്തുന്ന സീറ്റ കാണുന്നത്‌ വൃത്തികെട്ട ചെളി ഉരുട്ടി അരിയുണ്ട എന്ന ഭാവേന നുണഞ്ഞുകൊണ്ട്‌ അര്‍ദ്ധബോധാവസ്തയില്‍ കിടക്കുന്ന സെത്സുകോയെയാണ്‌. ഒരെണ്ണം അവനുവേണ്ടിയും ഉണ്ടാക്കിയിട്ടുണ്ടെന്ന്‌ അവള്‍ പറയുന്നു. സങ്കടത്തോറ്റെ അവന്‍ അവള്‍ക്ക്‌ വേണ്ടി വേഗം മുട്ട ചേര്‍ത്ത കഞ്ഞി തയ്യറാക്കുന്നു.എന്നാല്‍ അവണ്റ്റെ കുഞ്ഞ്നുജത്തി പിന്നീടുണര്‍ന്നില്ല. സെത്സുകോയുടെ ശരീരം മാറോടടുക്കി ആ പതിമൂന്നുകാരന്‍ രാത്രി മുഴുവന്‍ മരവിച്ചിരുന്നു.



ഒരു അനാഥ ഭിക്ഷക്കാരനെപ്പോലെ ട്രാം സ്റ്റേഷനില്‍ക്കിടന്ന്‌ മരിക്കുന്ന സീറ്റയുടെ ആത്മാവ്‌ പറയുന്ന കഥയിലൂടെയാണ്‌ സിനിമ തുടങ്ങുന്നത്‌. കഥാകൃത്തിണ്റ്റെ അനുഭവങ്ങളാണ്‌ ഇക്കഥ. "Sadest movie of all time" എന്ന വാചകം തീര്‍ത്തും ശരിയാണ്‌ ഈ സിനിമയെ സംബന്ധിച്ചിടത്തോളം. നിറഞ്ഞകണ്ണുകളോടെയല്ലാതെ ഈ സിനിമ കണ്ട്‌ തീര്‍ക്കാന്‍ കഴിയില്ല.

ആനിമേഷന്‍ സിനിമകള്‍ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം കുട്ടികള്‍ക്കുള്ളതാണെന്നാണ്‌ കാഴ്ച്ചപ്പാട്‌. മുതിര്‍ന്നവര്‍ ആനിമേഷന്‍ കാണുന്നതോ കോമിക്സ്‌ വായിക്കുന്നതോ ഇവിടെ കുറച്ചിലാണ്‌. എന്നാല്‍ വിദേശത്തെ മിക്ക രാജ്യങ്ങളിലും അങ്ങനെയല്ല. അവിടെ വളരെ ഗൌരവമേറിയ വിഷയങ്ങളും ആനിമേഷനില്‍ വരുന്നു. ഇസ്രയേലില്‍ നിന്നുള്ള "Waltz with Basheer" അതിന്‌ മികച്ച ഉദാഹരണം.

ഹോളിവുഡ്‌ സ്റ്റുഡിയോകള്‍ ജനപ്രിയ ചേരുവകള്‍ ചേര്‍ത്ത്‌ ആനിമേഷന്‍ സിനിമകള്‍ ചെയ്യുമ്പോള്‍ ജപ്പാന്‍ അനിമേഷനില്‍ മികവുറ്റ സൃഷ്ടികള്‍ രൂപപ്പെടുത്തുന്നു. ജപ്പാന്‍ ആനിമേഷന്‍ സീരിയലുകളായ ബേ ബ്ളെയിഡ്‌, പോകേമോന്‍, ബെന്‍ ടെന്‍ -മൊക്കെ ഹോളിവുഡ്‌ സീരിയലുകളെ കവച്ചുവയ്ക്കുമ്പോള്‍ തന്നെ യഥാതഥമായ ചിത്രീകരണത്തിലൂടെ Grave of the fire flies പോലുള്ള സിനിമകളും ജപ്പാന്‍ നിര്‍മ്മിക്കുന്നു. സെത്സുകോക്ക്‌ വേണ്ടി നല്‍കിയ ശബ്ദം അസാധാരണമാംവിധം ഓമനത്തവും പെര്‍ഫെക്റ്റും ആയിരിക്കുന്നു. പക്ഷെ ഇതിണ്റ്റെ ഇംഗ്ളീഷ്‌ പതിപ്പിലെ ശബ്ദം ഒറിജിനലിണ്റ്റെ നിലവാരത്തിലേയ്ക്കെത്തുന്നില്ല.

കുഞ്ഞ്‌ സെറ്റ്സുകോയുടെ മരണം അവള്‍ സിനിമയിലൊരിടത്ത്‌ ചോദിക്കുന്ന ചോദ്യം നമ്മുടെ മനസ്സിലും ഉയര്‍ത്തും. "മിന്നാമിനുങ്ങുകള്‍ പെട്ടെന്ന്‌ മരണമടയുന്നതെന്താ?"
ഒരു പക്ഷെ എന്നെ ഏറ്റവും കൂടുതല്‍ സങ്കടപ്പെടുത്തിയ സിനിമ ഇതായിരിക്കുമെന്ന്‌ തോന്നുന്നു.

പിന്‍കുറിപ്പ്‌- ഗ്രേയ്‌വ്‌ ഓഫ്‌ ദി ഫയര്‍ഫ്ളൈസ്‌ കണ്ടശേഷം അമേരിക്കയില്‍ നിന്നുള്ള ഒരു പയ്യന്‍ നെറ്റില്‍ കമണ്റ്റിട്ടിരിക്കുന്നതിങ്ങനെ "ഇക്കാലത്തെ ചെറുപ്പക്കാര്‍ കരയില്ലെന്ന്‌ ആരാണ്‌ പറഞ്ഞത്‌?"

2 comments: