Tuesday, August 3, 2010

കൊങ്കണിയിലെ ആദ്യത്തെ ആനിമേഷന്‍ കൊച്ചിയില്‍ നിന്നും



കൊങ്കിണി ഭാഷയിലുള്ള ആദ്യത്തെ ആനിമേഷന്‍ “ശ്രീ വെങ്കടേശായനം” പുറത്തിറങ്ങിക്കഴിഞ്ഞു. മുഖ്യപ്രാണാസിനുവേണ്ടി കൊച്ചിയിലെ Krishna Ifotech സ്റ്റുഡിയോയിലാണ് ഈ ആനിമേഷന്‍ നിര്‍മ്മിച്ചത്. “ശ്രീ വെങ്കടേശായനം” പുറത്തിറങ്ങിയിട്ട് കുറച്ച് നാളായെങ്കിലും ഇതേവരെ അതിനെക്കുറിച്ച് ഒരിടത്തും പരാമര്‍ശിച്ചുകണ്ടില്ല. അതുകൊണ്ട് ഇവിടെക്കുറിക്കുന്നു.


ഗോവയിലെ ഔദ്യോഗിക ഭാഷയാണ് കൊങ്കണി. മഹാരാഷ്ട്രയിലും കര്‍ണ്ണാടക, കേരളം എന്നിവിടങ്ങളിലും കൊങ്കിണിക്കാരുണ്ട്. കേരളത്തില്‍ കൊച്ചിയിലാണ് കൊങ്കണിക്കാര്‍ കൂടുതലുള്ളത്. വൈഷ്ണവരാണ് കൊങ്കണീക്കാര്‍. ശ്രീ വെങ്കടാചലപതിയാണ് ആരാധനാമൂര്‍ത്തി. കൊങ്കണിയ്ക്ക് സ്വന്തം ലിപിയില്ലാത്തതിനാല്‍ ദേവനാഗരി ലിപിയാണ് ഇപ്പോള്‍ പൊതുവേ ഉപയോഗിച്ചുവരുന്നത്.

കൊച്ചി ഗോശ്രീപുരത്തെ കൊങ്കണിക്കാരുടെ ശ്രീ വെങ്കടാചലപതി ക്ഷേത്രത്തെയും അവിടത്തെ പ്രതിഷ്ഠയെയും കുറിച്ചുള്ള ഐതീഹ്യമാണ് “ശ്രീ വെങ്കടേശായന”ത്തിന്റെ കഥ.






മൂലകഥ ശ്രീ വെങ്കടേശ ഭട്ട. തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീ L.കൃഷ്ണഭട്ട്. ശ്രീ വെങ്കടാചലപതി ക്ഷേത്രത്തിലെ മുഖ്യശാന്തിക്കാ‍രിലൊരാള്‍. നിര്‍മ്മാണം ഡോക്ടര്‍ പ്രവീണ്‍ കുമാര്‍ S. പൈ ഉള്‍പ്പെടുന്ന Mukhyaprana's . ഇവര്‍ നിര്‍മ്മാണ ചുമതല ഞാന്‍ ജോലിചെയ്തിരുന്ന Krishna Infotech-നെ ഏല്‍പ്പിച്ചു.
കൊങ്കണി ഭാഷയിലാണ് ആദ്യത്തെ സ്ക്രിപ്റ്റിന് രൂപം നല്‍കിയത്. അത് വായിച്ച് എനിക്കൊന്നും മനസ്സിലായില്ലെന്ന് പറയേണ്ടതില്ലല്ലോ! പിന്നീടതിന്റെ മലയാളം പരിഭാഷ തന്നു. ആ മലയാളം പരിഭാഷ വച്ചുകൊണ്ട് ഞാന്‍ പണി തുടങ്ങി. വളരെ ചെറിയ ബജറ്റിലായിരുന്നു ചിത്രം പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. അതിനാല്‍ ലിമിറ്റഡ് ആനിമേഷനിലാണ് ചെയ്തത്.

ആനിമേഷന്‍ മൂവികള്‍ക്ക് ശബ്ദം നല്‍കുന്നത് ആനിമേഷന്‍ ജോലികള്‍ തുടങ്ങും മുമ്പാണ്. ആദ്യം ഞങ്ങള്‍ മലയാള വിഭാഗത്തിലേയ്ക്കാവശ്യമായ ശബ്ദം നല്‍കി, സിനിമാ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളെക്കൊണ്ട്. കൊങ്കണി ഒരു പിടിത്തവുമില്ലാത്തതിനാല്‍ അതിന്റെ ഡബ്ബിംഗില്‍ ഞാന്‍ നിസ്സഹായനായിരുന്നു. മലയാളത്തില്‍ ചെയ്ത സംഭാഷണങ്ങളുടെ വ്യതിയാനങ്ങള്‍ കേട്ട് അതുപോലെ കൊങ്കിണിയില്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. കൊങ്കിണിയില്‍ ഡബ്ബ് ചെയ്തവര്‍ക്ക് പരിചയക്കുറവുമുണ്ടായിരുന്നു. അതു കൊണ്ടുതന്നെ മലയാളം കൊങ്കണി വെര്‍ഷനുകളിലെ സംഭാഷണങ്ങളുടെ നിലവാരം പെട്ടെന്നു തിരിച്ചറിയാനാകും.

ആനിമേഷനുവേണ്ടി കുറേയേറെ റഫര്‍ ചെയ്യേണ്ടിവന്നു. കൊങ്കണിക്കാരുടെ ആചാരങ്ങളും ചന്ദനക്കുറികള്‍ തൊടുന്ന രീതിയുമൊക്കെ മനസ്സിലാക്കി. വൈഷ്ണവരുടെയും ശൈവരുടേയും ആചരരീതികള്‍ വ്യത്യസ്ഥമാണല്ലൊ. കൊങ്കിണി ആനിമേഷനിലെ ചുണ്ടുകളുടെ ചലനം പഠിക്കാന്‍ കൊങ്കിണി സംസാരിക്കുന്ന വീഡിയോ നിരീക്ഷിച്ചു.
2ഡി ഫോര്‍മാറ്റിലാണ് മൂവി നിര്‍മ്മിച്ചിരിക്കുന്നത്. പശ്ചാത്തല ദൃശ്യങ്ങള്‍ പലതും 3ഡിയില്‍ ഡിസൈന്‍ ചെയ്തു.

“ശ്രീ വെങ്കടേശായനം” സിഡി കേരളത്തിലും പുറത്തുമുള്ള കൊങ്കണിക്കാര്‍ക്കിടയില്‍ നല്ലസ്വീകരണം ലഭിച്ചുവെന്നാണറിയുന്നത്. പക്ഷേ “ലോകത്തിലെ” ആദ്യത്തെ കൊങ്കണി ആനിമേഷന്‍ മലയാളികള്‍ ചെയ്തകാര്യം ഒരു പ്രസ് റിലീസ് പോലും കൊടുക്കാതെ, മുഖ്യപ്രാണാസ് സിഡി വിതരണം നേരിട്ട് നടത്തുകയായിരുന്നതിനാല്‍ പരസ്യത്തിലൂടെപ്പോലും ഇക്കാര്യം പുറത്തറിഞ്ഞതേയില്ല:(

നിര്‍മ്മാണം - മുഖ്യപ്രാണാസ്
ആനിമേഷന്‍, വിഷ്വല്‍ എഫക്ട്സ്, സംവിധാനം - എ. കെ. സൈബര്‍
കഥ - ശ്രീ വെങ്കടേശ ഭട്ട
തിരക്കഥ, സംഭാഷണം - എല്‍. കൃഷ്ണ ഭട്ട്
പ്രൊഡക്ഷന്‍ കോഡിനേറ്റര്‍ - രതീഷ് കെ.
സംഗീതം - ബിന്ദു ജെ. പ്രഭു
ഗാനരചന - പ്രശാന്ത് കുമാര്‍ എസ്. പൈ
2ഡി ആനിമേഷന്‍ - ജയേഷ് കെ. പണിക്കര്‍
3ഡി ആനിമേഷന്‍ - ഫൈസല്‍ എ. വി.


ശ്രീ വെങ്കടേശായനം പ്രസക്തഭാഗങ്ങള്‍ കാണാന്‍ ഇവിടെ നോക്കൂ