Monday, September 3, 2012

ഇക്കാലത്തെ ചെറുപ്പക്കാര്‍ കരയില്ലെന്ന്‌ ആരാണ്‌ പറഞ്ഞത്‌?



യുദ്ധം അനാഥരാക്കുന്നവരെ ആരും ഓര്‍ക്കുന്നില്ല.
യുദ്ധം ഏതൊക്കെയോ ചക്രവര്‍ത്തിമാരുടേയും രാഷ്ട്രത്തലവന്‍മാരുടേയും ജയപരാജയങ്ങളുടെ ചരിത്രമായി അവശേഷിച്ചൊടുങ്ങുന്നു.

ഇതേവരെയുണ്ടായിട്ടുള്ളതില്‍ വച്ചേറ്റവും ശക്തിമത്തായ യുദ്ധവിരുദ്ധസിനിമ.
ഏറ്റവും ദു:ഖസാന്ദ്രമായ ആനിമേഷന്‍ സിനിമ. നിരൂപകര്‍ "ഷിന്‍ഡിലേഴ്സ്‌ ലിസ്റ്റി"നോളം വാഴ്ത്തിയ സിനിമ.
1988-ല്‍ പുറത്തിറങ്ങിയ Grave of the Fireflies എന്ന ജപ്പാന്‍ ആനിമേറ്റഡ്‌ സിനിമയെക്കുറിച്ചാണ്‌ ഈ വിശേഷണങ്ങളൊക്കെ. Hotaru no Haka എന്നാണ്‌ സിനിമയുടെ യഥാര്‍ത്ഥപേര്‌. തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്‌ Isao Takahata. Akiyuki Nosaka ഇതേപേരിലെഴുതിയ ആത്മകഥാപരമായ നോവലിണ്റ്റെ അനുരൂപീകരണമാണ്‌ ഈ സിനിമ.

1945, രണ്ടാം ലോകമഹായുദ്ധത്തിണ്റ്റെ അവസാന ഘട്ടം. ജപ്പാനിലെ കോബ്‌ (Kobe) നഗരത്തില്‍ അമേരിക്ക നടത്തിന്ന ഫയര്‍ബോംബിങ്ങില്‍ പെട്ട്‌ അനാഥരാകുന്ന രണ്ട്‌ കുട്ടികളുടെ കഥയാണ്‌ "ഗ്രെയ്‌വ്‌ ഒഫ്‌ ദി ഫയര്‍ഫ്ളൈസ്‌". തടികൊണ്ടുണ്ടാക്കിയ വീടുകള്‍ ധാരാളമുള്ള കോബ്‌ ഫയര്‍ബോംബിങ്ങില്‍ കത്തിയമര്‍ന്നു. ആയിരങ്ങള്‍ മരിച്ചൊടുങ്ങി. ലക്ഷങ്ങള്‍ ആകാശം മേല്‍ക്കൂരയാക്കി. ഏകദേശം 12-13 വയസ്സുള്ള സീറ്റ(Sieta)യും നാലുവയസ്സുള്ള സഹോദരി സെത്സുകോ(Setsuko)യും ഫയര്‍ബോംബിങ്ങിനിടയില്‍ അമ്മയില്‍ നിന്ന്‌ ഒറ്റപ്പെട്ടുപോകുന്നു. അവരുടെ അച്ഛന്‍ നാവികസേനയിലാണ്‌. പിന്നീട്‌ ആശുപത്രിയില്‍ അമ്മയെ അതീവ ഗുരുതരമായി പൊള്ളലേറ്റനിലയില്‍ കണ്ടെത്തുന്നു. താമസിയാതെ അമ്മ മരിക്കുന്നു. കുഞ്ഞുപെങ്ങളെ സീറ്റ ഇക്കാര്യം അറിയിക്കുന്നില്ല. പിന്നീടവര്‍ അകന്നബന്ധത്തിലുള്ള അമ്മായിയുടെ വീട്ടില്‍ അഭയം തേടുന്നു. ആദ്യമൊക്കെ സ്നേഹം പ്രകടിപ്പിച്ചെങ്കിലും പിന്നീട്‌ അമ്മായിക്ക്‌ കുട്ടികളോടുള്ള മനോഭാവത്തില്‍ മാറ്റം വരുന്നു. കടുത്ത ക്ഷാമത്തിനിടെ രണ്ട്‌ കുട്ടികളെക്കൂടി തീറ്റിപ്പോറ്റേണ്ടിവരുന്നതില്‍ അവര്‍ക്ക്‌ താത്പര്യമില്ലാതായി. സീറ്റ തണ്റ്റെ അമ്മയുടെ കുപ്പായങ്ങള്‍ അമ്മായിക്ക്‌ വില്‍ക്കുന്നു ആഹാരത്തിന്‌ വേണ്ടി. എങ്കിലും കുറെക്കഴിഞ്ഞ്‌ അമ്മായിയുടെ ഈറയുള്ള പെരുമാറ്റം സഹിക്കാനാകാതെ കുട്ടികള്‍ ഒഴിഞ്ഞ ഒരിടത്തെ ബോംബ്‌ ഷെല്‍റ്ററിലേക്ക്‌ താമസം മാറ്റി. പക്ഷെ ആഹാര സമ്പാദനം അത്ര എളുപ്പമായിരുന്നില്ല. സീറ്റ എയര്‍ റൈഡിംഗ്‌ നടക്കുന്നതിനിടയില്‍ മോഷണം പതിവാക്കുന്നു. ഇതിനിടയില്‍ സെത്സുകോയ്ക്ക്‌ അസുഖം ബാധിക്കുന്നു. അവശനിലയിലായ കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ അവള്‍ക്ക്‌ മരുന്നല്ല നല്ല ആഹാരമാണ്‌ നല്‍കേണ്ടതെന്ന്‌ നിര്‍ദ്ദേശിക്കുന്നു. രോഗിണിയായ കുഞ്ഞനുജത്തിയെ മാറോടടുക്കി സീറ്റ നിസ്സഹായനായി. അമ്മയുടെ പേരിലുള്ള തുക സീറ്റയ്ക്ക്‌ ബാങ്കില്‍ നിന്ന്‌ ലഭിക്കുന്നു. പക്ഷെ ബാങ്കില്‍ വച്ച്‌ യുദ്ധത്തില്‍ ജപ്പാന്‍കാര്‍ കീഴടങ്ങിയെന്നും അതോടൊപ്പം ജപ്പാണ്റ്റെ കപ്പല്‍പ്പട മുങ്ങിപ്പോയെന്നും കേള്‍ക്കുന്നു. ആ കപ്പല്‍പ്പടയില്‍ കുട്ടികളുടെ അച്ഛനുമുണ്ടായിരുന്നു. സീറ്റ തളര്‍ന്ന്‌ പോകുന്നു. അവണ്റ്റെ അവസാനത്തെ ആശയും കെട്ടുപോകുന്നു. നിറയെ ആഹാര സാധനങ്ങളുമായി ഷെല്‍റ്ററിലെത്തുന്ന സീറ്റ കാണുന്നത്‌ വൃത്തികെട്ട ചെളി ഉരുട്ടി അരിയുണ്ട എന്ന ഭാവേന നുണഞ്ഞുകൊണ്ട്‌ അര്‍ദ്ധബോധാവസ്തയില്‍ കിടക്കുന്ന സെത്സുകോയെയാണ്‌. ഒരെണ്ണം അവനുവേണ്ടിയും ഉണ്ടാക്കിയിട്ടുണ്ടെന്ന്‌ അവള്‍ പറയുന്നു. സങ്കടത്തോറ്റെ അവന്‍ അവള്‍ക്ക്‌ വേണ്ടി വേഗം മുട്ട ചേര്‍ത്ത കഞ്ഞി തയ്യറാക്കുന്നു.എന്നാല്‍ അവണ്റ്റെ കുഞ്ഞ്നുജത്തി പിന്നീടുണര്‍ന്നില്ല. സെത്സുകോയുടെ ശരീരം മാറോടടുക്കി ആ പതിമൂന്നുകാരന്‍ രാത്രി മുഴുവന്‍ മരവിച്ചിരുന്നു.



ഒരു അനാഥ ഭിക്ഷക്കാരനെപ്പോലെ ട്രാം സ്റ്റേഷനില്‍ക്കിടന്ന്‌ മരിക്കുന്ന സീറ്റയുടെ ആത്മാവ്‌ പറയുന്ന കഥയിലൂടെയാണ്‌ സിനിമ തുടങ്ങുന്നത്‌. കഥാകൃത്തിണ്റ്റെ അനുഭവങ്ങളാണ്‌ ഇക്കഥ. "Sadest movie of all time" എന്ന വാചകം തീര്‍ത്തും ശരിയാണ്‌ ഈ സിനിമയെ സംബന്ധിച്ചിടത്തോളം. നിറഞ്ഞകണ്ണുകളോടെയല്ലാതെ ഈ സിനിമ കണ്ട്‌ തീര്‍ക്കാന്‍ കഴിയില്ല.

ആനിമേഷന്‍ സിനിമകള്‍ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം കുട്ടികള്‍ക്കുള്ളതാണെന്നാണ്‌ കാഴ്ച്ചപ്പാട്‌. മുതിര്‍ന്നവര്‍ ആനിമേഷന്‍ കാണുന്നതോ കോമിക്സ്‌ വായിക്കുന്നതോ ഇവിടെ കുറച്ചിലാണ്‌. എന്നാല്‍ വിദേശത്തെ മിക്ക രാജ്യങ്ങളിലും അങ്ങനെയല്ല. അവിടെ വളരെ ഗൌരവമേറിയ വിഷയങ്ങളും ആനിമേഷനില്‍ വരുന്നു. ഇസ്രയേലില്‍ നിന്നുള്ള "Waltz with Basheer" അതിന്‌ മികച്ച ഉദാഹരണം.

ഹോളിവുഡ്‌ സ്റ്റുഡിയോകള്‍ ജനപ്രിയ ചേരുവകള്‍ ചേര്‍ത്ത്‌ ആനിമേഷന്‍ സിനിമകള്‍ ചെയ്യുമ്പോള്‍ ജപ്പാന്‍ അനിമേഷനില്‍ മികവുറ്റ സൃഷ്ടികള്‍ രൂപപ്പെടുത്തുന്നു. ജപ്പാന്‍ ആനിമേഷന്‍ സീരിയലുകളായ ബേ ബ്ളെയിഡ്‌, പോകേമോന്‍, ബെന്‍ ടെന്‍ -മൊക്കെ ഹോളിവുഡ്‌ സീരിയലുകളെ കവച്ചുവയ്ക്കുമ്പോള്‍ തന്നെ യഥാതഥമായ ചിത്രീകരണത്തിലൂടെ Grave of the fire flies പോലുള്ള സിനിമകളും ജപ്പാന്‍ നിര്‍മ്മിക്കുന്നു. സെത്സുകോക്ക്‌ വേണ്ടി നല്‍കിയ ശബ്ദം അസാധാരണമാംവിധം ഓമനത്തവും പെര്‍ഫെക്റ്റും ആയിരിക്കുന്നു. പക്ഷെ ഇതിണ്റ്റെ ഇംഗ്ളീഷ്‌ പതിപ്പിലെ ശബ്ദം ഒറിജിനലിണ്റ്റെ നിലവാരത്തിലേയ്ക്കെത്തുന്നില്ല.

കുഞ്ഞ്‌ സെറ്റ്സുകോയുടെ മരണം അവള്‍ സിനിമയിലൊരിടത്ത്‌ ചോദിക്കുന്ന ചോദ്യം നമ്മുടെ മനസ്സിലും ഉയര്‍ത്തും. "മിന്നാമിനുങ്ങുകള്‍ പെട്ടെന്ന്‌ മരണമടയുന്നതെന്താ?"
ഒരു പക്ഷെ എന്നെ ഏറ്റവും കൂടുതല്‍ സങ്കടപ്പെടുത്തിയ സിനിമ ഇതായിരിക്കുമെന്ന്‌ തോന്നുന്നു.

പിന്‍കുറിപ്പ്‌- ഗ്രേയ്‌വ്‌ ഓഫ്‌ ദി ഫയര്‍ഫ്ളൈസ്‌ കണ്ടശേഷം അമേരിക്കയില്‍ നിന്നുള്ള ഒരു പയ്യന്‍ നെറ്റില്‍ കമണ്റ്റിട്ടിരിക്കുന്നതിങ്ങനെ "ഇക്കാലത്തെ ചെറുപ്പക്കാര്‍ കരയില്ലെന്ന്‌ ആരാണ്‌ പറഞ്ഞത്‌?"

Saturday, June 4, 2011

മലയാളത്തിലെ മികച്ച ആനിമേഷന്‍ "പച്ചിലക്കൂട് "

മലയാളത്തിലെ ആനിമേഷന്‍ മൂവികള്‍ ഇപ്പോഴും ശൈശവാവസ്ഥയിലാണ്‌. നല്ല ആനിമേറ്റര്‍മാര്‍ ഇല്ലാത്തതല്ല കാരണം, മറിച്ച്‌ മലയാളത്തിണ്റ്റെ മാര്‍ക്കറ്റ്‌ പരിമിതിമൂലം നല്ല ആനിമേഷനുകള്‍ മലയാളത്തില്‍ നിര്‍മ്മിക്കാനാവില്ല എന്നതാണ്‌ കാരണം. മികച്ച ആനിമേറ്റര്‍മാര്‍ എല്ലാവരും തന്നെ വിദേശ പ്രൊജക്ടുകള്‍ ചെയ്യുന്ന സ്റ്റുഡിയോകളില്‍ ജോലിചെയ്യുകയാണ്‌. ഉയര്‍ന്ന സാമ്പത്തികനേട്ടം ഇതിണ്റ്റെ മെച്ചമാണെങ്കിലും ഇവരില്‍ നിന്ന്‌ മലയാളത്തില്‍ അല്ലെങ്കില്‍ ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ലഭിക്കാമായിരുന്ന ഒരുപിടി നല്ല ആനിമേഷന്‍ ചലച്ചിത്രങ്ങള്‍ നമുക്ക്‌ നഷ്ടമാകുന്നില്ലേ?

ഇന്ത്യയിലെ ആനിമേഷന്‍ മാര്‍ക്കറ്റ്‌ വളരെ ഇടുങ്ങിയതാണ്‌. അതില്‍ തന്നെ മലയാളം ഏറ്റവും ചെറുതും. പുറത്തുവരുന്ന ആനിമേഷന്‍ സിനിമകളാകട്ടെ എല്ലാം ദൈവകഥകളും. ഗണപതിയേയും കൃഷ്ണനേയും ഹനുമാനേയും നൂറുവട്ടം തിരിച്ചും മറിച്ചുമിട്ട്‌ കഥകള്‍ പടച്ചുവിടുകയാണ്‌ ഉത്തരേന്ത്യക്കാര്‍. നമ്മളിതുവരെ കേട്ടിട്ടില്ലാത്ത വഴികളിലൂടെയാണ്‌ പുരാണ കഥാപാത്രങ്ങള്‍ ഇപ്പോള്‍ ചരിച്ചുകൊണ്ടിരിക്കുന്നത്‌. എന്ത്‌ കഥ കിട്ടിയാലും അതിനെ പര്‍വതീകരിച്ച്‌ അല്ലെങ്കില്‍ നിറം പിടിപ്പിച്ച്‌ പറയണമെന്ന്‌ എന്താണിത്ര വാശി? രാമായണ കഥ അതിണ്റ്റെ യഥാര്‍ത്ഥ മാനത്തില്‍ ആസ്വദിക്കണമെങ്കില്‍ ജപ്പാന്‍ ചെയ്ത "രാമായണം ആനിമേഷന്‍" (Ramayana: The Legend of Prince Rama) സിനിമ കാണണം എന്നുവരുന്നത്‌ എന്ത്‌ നാണക്കേടാണ്‌ ഇന്ത്യാക്കാര്‍ക്ക്‌. മുഴുനീള "സെല്‍ ആനിമേഷന്‍" സിനിമയായിരുന്നു ജപ്പാന്‍ രാമായണം.

രാമായണം സിനിമ ജപ്പാന്‍ ചെയ്തതോ 1992-ല്‍. അന്ന്‌ ഇന്ത്യയി ആനിമേഷന്‍ വന്നിട്ടില്ല. വിദേശ സഹായത്തോടെ ഒരു മലയാളി നിര്‍മ്മിച്ച "ഓ ഫാബി" എന്ന ലൈവ്‌ ആക്ഷനിടയില്‍ ആനിമേഷന്‍ ഉള്‍പ്പെട്ട ഒരു സിനിമ മാത്രമേയുള്ളൂ അന്ന്‌. ബോംബയിലെ പ്രശസ്ത ആനിമേറ്റര്‍ റാം മോഹന്‍ മേല്‍പറഞ്ഞ ജപ്പാന്‍ പ്രൊജക്ടില്‍ പങ്കാളിയായിരുന്നു. ഇന്ത്യയില്‍ ആനിമേഷന്‍ മോശമല്ലാത്ത നിലയിലേയ്ക്ക്‌ വളര്‍ന്ന ഇക്കാലത്തും നമുക്ക്‌ ജപ്പാന്‍ രാമായണത്തിനോടൊപ്പം നില്‍ക്കുന്ന ഒരനിമേഷന്‍ മൂവി നിര്‍മ്മിക്കാനായിട്ടില്ല.

ഇന്ത്യയില്‍ ആനിമേഷന്‍ ഇരിക്കും മുമ്പ്‌ കാല്‍നീട്ടുകയാണെന്ന്‌ തോന്നുന്നു. ഹോളിവുഡ്‌ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ഹിറ്റ്‌ ആനിമേഷനുകളെല്ലാം ജപ്പാണ്റ്റേതാണ്‌. അതെല്ലാം 2-ഡി ആനിമേഷനുകള്‍. എന്നാല്‍ അവരിപ്പോഴും 3-ഡിയിലേക്ക്‌ കൂടുതല്‍ ശ്രദ്ധകൊടുത്തിട്ടില്ല. ജപ്പാന്‌ 3ഡി ചെയ്യാന്‍ കഴിയാഞ്ഞിട്ടല്ല. മെച്ചപ്പെട്ട 3ഡി ചെയ്യാന്‍ വേണ്ട തയ്യാറെടുപ്പിലാണ്‌ ജപ്പാന്‍. 2ഡി ആനിമേഷനില്‍ വര്‍ഷങ്ങളുടെ ലോക മികവുള്ള ഒരു രാജ്യം ഇങ്ങനെ വളരെ ശ്രദ്ധയോടെ നീങ്ങുമ്പോള്‍ നമ്മള്‍ ആദ്യം തന്നെയങ്ങ്‌ 3ഡിയേല്‍ കളി തുടങ്ങി. നാഷണല്‍ ലെവലില്‍ വരുന്ന ആനിമേഷന്‍ സിനിമകളില്‍ പോലും "റിഗ്ഗിംഗ്‌" കൈവിട്ടകളിയായി മുഴച്ച്‌ നില്‍ക്കുന്നത്‌ കാണാം.
(ഇന്ത്യയിലെ മികച്ച ആനിമേഷന്‍ എന്ന്‌ പറയാവുന്നത്‌ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ 'ടൂണ്‍സ്‌ ആനിമേഷനില്‍" ചെയ്ത തെന്നാലിരാമന്‍, ഹനിമാന്‍ റിട്ടേണ്‍സ്‌ എന്നിവയായിരുന്നു. രണ്ടും 2-ഡിയില്‍ ചെയ്തത്‌. ) മലയാളത്തിലെ മികച്ച ആനിമേഷന്‍ "black moors" ചെയ്ത വിവേകം (വിക്രമാദിത്യന്‍ വേതാളം ഡോട്ട്കോം) ആയിരുന്നു. കൈരളി ടിവിയില്‍ ആഴ്ചതോറും വന്നിരുന്ന ഈ ആനിമേഷന്‍ സ്റ്റ്രിപ്പിനെക്കുറിച്ച്‌ വളരെക്കുറച്ചുപേര്‍ മാത്രമേ അറിഞ്ഞിരുന്നുള്ളൂ. (ഞാന്‍ ചെയ്ത "ബോബനും മോളിയും" "മിടുമിടുക്കന്‍" തിടങ്ങിയവയെക്കുറിച്ചൊന്നും അവകാശവാദമുന്നയിക്കാന്‍ ഞാനില്ല. കുറഞ്ഞ ബജറ്റിണ്റ്റെ പരിമിതിയില്‍ ചെയ്ത കാര്യങ്ങളാണവയൊക്കെ. ജൂണില്‍ റിലീസാകുന്ന "മൈ ഡിയര്‍ ബാപ്പുജി" എന്ന എണ്റ്റെ (റിയല്‍ സ്റ്റൈല്‍) ആനിമേഷന്‍ മൂവിയ്ക്ക്‌ ആനിമേഷനേക്കാള്‍ പ്രധാന്യം വിഷയത്തിനാണ്‌ താനും. )


പക്ഷെ മലയാളത്തില്‍ 3-ഡി ആനിമേഷനില്‍ നിര്‍മ്മിച്ച ഒരു മികച്ച ചലച്ചിത്രത്തെക്കുറിച്ച്‌ പറയാതെവയ്യ. തീര്‍ച്ചയായും മലയാളത്തിലിതേവരെയിറങ്ങിയിട്ടുള്ളവയില്‍ (ക്ഷമിക്കണം, മലയാളത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍) ഏറ്റവും മികച്ച ആനിമേഷന്‍ എന്ന്‌ എനിക്ക്‌ തോന്നിയത്‌ "പച്ചിലക്കൂട്‌" (My Home is Green ) എന്ന 41 മിനിട്ടുള്ള സിനിമയാണ്‌. തീര്‍ത്തും പ്രൊഫഷണലായി ചെയ്തിരിക്കുന്നു "പച്ചിലക്കൂട്‌". മികച്ച സ്ക്രിപ്റ്റും തിരക്കഥയും, അതിലുപരി മികച്ച ആനിമേഷനും. സാജന്‍ സിന്ധു കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഈ അനിമേഷന്‍ മൂവി നിര്‍മ്മിച്ചിരിക്കുന്നത്‌ കോഴിക്കോട്‌ "എല്ലോറ മള്‍ട്ടിമീഡിയ" ആണ്‌.

"പച്ചിലക്കൂടിലെ" കേന്ദ്രകഥാപാത്രം ഉറുമ്പാണ്‌. ഒരു ശലഭപ്പുഴുവിനെ കീടനാശിനി (എന്‍ഡോസല്‍ഫാന്‍)യില്‍നിന്ന്‌ ഉറുമ്പ്‌ രക്ഷിക്കുന്നതാണ്‌ കഥാസാരം. അതിനുവേണ്ടി ഉറുമ്പ്‌ ഒത്തിരി പ്രയാസങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നു. മനുഷ്യണ്റ്റെ അനിയിന്ത്രിതമായ കീടനാശിനി പ്രയോഗങ്ങള്‍ക്കിടയില്‍ തകര്‍ക്കപ്പെടുന്ന പ്രകൃതിയെക്കുറിച്ച്‌, അതിലെ നിസാരമെന്ന്‌ നമ്മള്‍ കരുതുന്ന ജീവിവൈവിധ്യങ്ങളുടെ പ്രാധാന്യം നമ്മളെ ബോധ്യപ്പെടുത്താന്‍ "പച്ചിലക്കൂടിന്‌" കഴിയുന്നുണ്ട്‌.

വളരെ സ്വാഭാവികമായ ചലനങ്ങളാണ്‌ പച്ചിലക്കൂടിണ്റ്റെ പ്രത്യേകത. അതിണ്റ്റെ പിന്നില്‍ അഭിനയത്തെക്കുറിച്ച്‌ നല്ല ബോധ്യമുള്ള ഒരു സംവിധായകനെ നമുക്ക്‌ കാണാനാകും. അതുപോലെ മുഖഭാവങ്ങളും (facial expression) എടുത്ത്‌ പറയേണ്ടതാണ്‌. ഇന്ത്യയില്‍ മികച്ചതെന്ന്‌ പറയുന്ന പല 3-ഡി ആനിമേഷനുകളിലും ഇല്ലാതെപോയൊരു കാര്യമാണത്‌.

കഥാപാത്ര രൂപകല്‍പനയില്‍ "Bugs life" സ്വാധീനിച്ചിട്ടുണ്ടെങ്കിലും മൊത്തം നിലവാരം കണക്കിലെടുക്കുമ്പോള്‍ അതൊരു പോരായ്മയായി തോന്നില്ല. പശ്ചാത്തല ദൃശ്യങ്ങളും പ്രകാശ ക്രമീകരണവുമൊക്കെ മികച്ചതാണ്‌. സംഗീതവും സൌണ്ട്‌ ഇഫക്ട്സും ഗൌരവമായിത്തന്നെ ചെയ്തിരിക്കുന്നു.


മുപ്പത്തിമൂന്നാമത്‌ അന്താരാഷ്ട്ര വൈല്‍ഡ്‌ ഫിലിം ഫെസ്റ്റിവലിലേയ്ക്ക്‌ "പച്ചിലക്കൂട്‌" തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്നമത്‌ സംസ്ഥാന ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവലില്‍ മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള പുരസ്ക്കാരവും പച്ചിലക്കൂട്‌ സ്വന്തമാക്കുകയുണ്ടായി. "പച്ചിലക്കൂടിണ്റ്റെ" വിതരണം ഏറ്റെടുത്തിരിക്കുന്നത്‌ കോട്ടയത്തെ "ഡിജിറ്റല്‍ മീഡിയ" എന്ന സ്ഥാപനമാണ്‌.

പച്ചിലക്കൂട്‌
My Home is Green
41 mints
Story, Character design, Animation, Direction - Sajan Sindhu
Assossiate Direction - Jibin abraham
Produced by - Gopinath Ellora, Sree raj Ellora
Music- Shan, Midhun

Tuesday, August 3, 2010

കൊങ്കണിയിലെ ആദ്യത്തെ ആനിമേഷന്‍ കൊച്ചിയില്‍ നിന്നും



കൊങ്കിണി ഭാഷയിലുള്ള ആദ്യത്തെ ആനിമേഷന്‍ “ശ്രീ വെങ്കടേശായനം” പുറത്തിറങ്ങിക്കഴിഞ്ഞു. മുഖ്യപ്രാണാസിനുവേണ്ടി കൊച്ചിയിലെ Krishna Ifotech സ്റ്റുഡിയോയിലാണ് ഈ ആനിമേഷന്‍ നിര്‍മ്മിച്ചത്. “ശ്രീ വെങ്കടേശായനം” പുറത്തിറങ്ങിയിട്ട് കുറച്ച് നാളായെങ്കിലും ഇതേവരെ അതിനെക്കുറിച്ച് ഒരിടത്തും പരാമര്‍ശിച്ചുകണ്ടില്ല. അതുകൊണ്ട് ഇവിടെക്കുറിക്കുന്നു.


ഗോവയിലെ ഔദ്യോഗിക ഭാഷയാണ് കൊങ്കണി. മഹാരാഷ്ട്രയിലും കര്‍ണ്ണാടക, കേരളം എന്നിവിടങ്ങളിലും കൊങ്കിണിക്കാരുണ്ട്. കേരളത്തില്‍ കൊച്ചിയിലാണ് കൊങ്കണിക്കാര്‍ കൂടുതലുള്ളത്. വൈഷ്ണവരാണ് കൊങ്കണീക്കാര്‍. ശ്രീ വെങ്കടാചലപതിയാണ് ആരാധനാമൂര്‍ത്തി. കൊങ്കണിയ്ക്ക് സ്വന്തം ലിപിയില്ലാത്തതിനാല്‍ ദേവനാഗരി ലിപിയാണ് ഇപ്പോള്‍ പൊതുവേ ഉപയോഗിച്ചുവരുന്നത്.

കൊച്ചി ഗോശ്രീപുരത്തെ കൊങ്കണിക്കാരുടെ ശ്രീ വെങ്കടാചലപതി ക്ഷേത്രത്തെയും അവിടത്തെ പ്രതിഷ്ഠയെയും കുറിച്ചുള്ള ഐതീഹ്യമാണ് “ശ്രീ വെങ്കടേശായന”ത്തിന്റെ കഥ.






മൂലകഥ ശ്രീ വെങ്കടേശ ഭട്ട. തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീ L.കൃഷ്ണഭട്ട്. ശ്രീ വെങ്കടാചലപതി ക്ഷേത്രത്തിലെ മുഖ്യശാന്തിക്കാ‍രിലൊരാള്‍. നിര്‍മ്മാണം ഡോക്ടര്‍ പ്രവീണ്‍ കുമാര്‍ S. പൈ ഉള്‍പ്പെടുന്ന Mukhyaprana's . ഇവര്‍ നിര്‍മ്മാണ ചുമതല ഞാന്‍ ജോലിചെയ്തിരുന്ന Krishna Infotech-നെ ഏല്‍പ്പിച്ചു.
കൊങ്കണി ഭാഷയിലാണ് ആദ്യത്തെ സ്ക്രിപ്റ്റിന് രൂപം നല്‍കിയത്. അത് വായിച്ച് എനിക്കൊന്നും മനസ്സിലായില്ലെന്ന് പറയേണ്ടതില്ലല്ലോ! പിന്നീടതിന്റെ മലയാളം പരിഭാഷ തന്നു. ആ മലയാളം പരിഭാഷ വച്ചുകൊണ്ട് ഞാന്‍ പണി തുടങ്ങി. വളരെ ചെറിയ ബജറ്റിലായിരുന്നു ചിത്രം പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. അതിനാല്‍ ലിമിറ്റഡ് ആനിമേഷനിലാണ് ചെയ്തത്.

ആനിമേഷന്‍ മൂവികള്‍ക്ക് ശബ്ദം നല്‍കുന്നത് ആനിമേഷന്‍ ജോലികള്‍ തുടങ്ങും മുമ്പാണ്. ആദ്യം ഞങ്ങള്‍ മലയാള വിഭാഗത്തിലേയ്ക്കാവശ്യമായ ശബ്ദം നല്‍കി, സിനിമാ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളെക്കൊണ്ട്. കൊങ്കണി ഒരു പിടിത്തവുമില്ലാത്തതിനാല്‍ അതിന്റെ ഡബ്ബിംഗില്‍ ഞാന്‍ നിസ്സഹായനായിരുന്നു. മലയാളത്തില്‍ ചെയ്ത സംഭാഷണങ്ങളുടെ വ്യതിയാനങ്ങള്‍ കേട്ട് അതുപോലെ കൊങ്കിണിയില്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. കൊങ്കിണിയില്‍ ഡബ്ബ് ചെയ്തവര്‍ക്ക് പരിചയക്കുറവുമുണ്ടായിരുന്നു. അതു കൊണ്ടുതന്നെ മലയാളം കൊങ്കണി വെര്‍ഷനുകളിലെ സംഭാഷണങ്ങളുടെ നിലവാരം പെട്ടെന്നു തിരിച്ചറിയാനാകും.

ആനിമേഷനുവേണ്ടി കുറേയേറെ റഫര്‍ ചെയ്യേണ്ടിവന്നു. കൊങ്കണിക്കാരുടെ ആചാരങ്ങളും ചന്ദനക്കുറികള്‍ തൊടുന്ന രീതിയുമൊക്കെ മനസ്സിലാക്കി. വൈഷ്ണവരുടെയും ശൈവരുടേയും ആചരരീതികള്‍ വ്യത്യസ്ഥമാണല്ലൊ. കൊങ്കിണി ആനിമേഷനിലെ ചുണ്ടുകളുടെ ചലനം പഠിക്കാന്‍ കൊങ്കിണി സംസാരിക്കുന്ന വീഡിയോ നിരീക്ഷിച്ചു.
2ഡി ഫോര്‍മാറ്റിലാണ് മൂവി നിര്‍മ്മിച്ചിരിക്കുന്നത്. പശ്ചാത്തല ദൃശ്യങ്ങള്‍ പലതും 3ഡിയില്‍ ഡിസൈന്‍ ചെയ്തു.

“ശ്രീ വെങ്കടേശായനം” സിഡി കേരളത്തിലും പുറത്തുമുള്ള കൊങ്കണിക്കാര്‍ക്കിടയില്‍ നല്ലസ്വീകരണം ലഭിച്ചുവെന്നാണറിയുന്നത്. പക്ഷേ “ലോകത്തിലെ” ആദ്യത്തെ കൊങ്കണി ആനിമേഷന്‍ മലയാളികള്‍ ചെയ്തകാര്യം ഒരു പ്രസ് റിലീസ് പോലും കൊടുക്കാതെ, മുഖ്യപ്രാണാസ് സിഡി വിതരണം നേരിട്ട് നടത്തുകയായിരുന്നതിനാല്‍ പരസ്യത്തിലൂടെപ്പോലും ഇക്കാര്യം പുറത്തറിഞ്ഞതേയില്ല:(

നിര്‍മ്മാണം - മുഖ്യപ്രാണാസ്
ആനിമേഷന്‍, വിഷ്വല്‍ എഫക്ട്സ്, സംവിധാനം - എ. കെ. സൈബര്‍
കഥ - ശ്രീ വെങ്കടേശ ഭട്ട
തിരക്കഥ, സംഭാഷണം - എല്‍. കൃഷ്ണ ഭട്ട്
പ്രൊഡക്ഷന്‍ കോഡിനേറ്റര്‍ - രതീഷ് കെ.
സംഗീതം - ബിന്ദു ജെ. പ്രഭു
ഗാനരചന - പ്രശാന്ത് കുമാര്‍ എസ്. പൈ
2ഡി ആനിമേഷന്‍ - ജയേഷ് കെ. പണിക്കര്‍
3ഡി ആനിമേഷന്‍ - ഫൈസല്‍ എ. വി.


ശ്രീ വെങ്കടേശായനം പ്രസക്തഭാഗങ്ങള്‍ കാണാന്‍ ഇവിടെ നോക്കൂ

Friday, July 9, 2010

സൌജന്യ മലയാള ആനിമേഷന്‍ ഇ-ബുക്ക്



ഫ്ലാഷ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ആനിമേഷന്‍ എങ്ങനെ ചെയ്യാമെന്ന് ലളിതമായി വിവരിക്കുകയാണീ പുസ്തകത്തില്‍.നാലു വര്‍ഷം മുമ്പ് ഇന്‍ഫോകൈരളി മാഗസിന്‍ എഡിറ്റര്‍ സോജന്‍ ജോസ് ആവശ്യപ്പെട്ടപ്രകാരം തയ്യാറാക്കിയതാണ് ഈ പുസ്തകം. ചില കാരണങ്ങളാല്‍ അന്ന് പ്രസിദ്ധീകരിക്കാന്‍ കഴിയാതെ പോയി. സോഫ്റ്റ്വെയര്‍കളുടെ വെര്‍ഷനുകള്‍ വളരെ വേഗം മാറിക്കൊണ്ടിരിക്കുന്നതിനാല്‍ പിന്നീടിത് പ്രസിദ്ധീകരിക്കേണ്ടെന്നു വച്ചു. 2008-ല്‍ എന്റെ വെബ്സൈറ്റായ toonzkerala.com-ല്‍ ഈ പുസ്തകം സൌജന്യമായി ഡൌന്‍ലോഡ് നല്‍കുകയുണ്ടായി. ഇപ്പോള്‍ ആ സൈറ്റ് നിലവിലില്ല. പകരം ആവശ്യക്കാര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിലെ ആരോ ബട്ടണ്‍ ക്ലിക് ചെയ്ത് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം.
ഇതേ വിന്‍ഡോയിലെ ഫുള്‍സ്ക്രീന്‍ ബട്ടണ്‍ ഞെക്കി ഓണ്‍ലൈനായി വായിക്കുകയുമാകാം.



Flash animation 2008 -PDF
file size 3.7 MB.

Tuesday, July 6, 2010

കൊല്ലത്തെ നാടോടിപ്പാട്ട് - മേലോട്ട്‌ നോക്കെടി ചക്കീ...

സോഫ്റ്റ്വെയര്‍ പഠിപ്പിക്കുന്ന വിര്‍ച്വല്‍ ടീച്ചര്‍‍ സിഡികള്‍ നിര്‍മ്മിക്കുന്ന സോണി ജോസ് ഒരു ദിവസം സംസാരത്തിനിടെ കുട്ടികള്‍ക്ക്‌ വേണ്ടി പാട്ടുകളും കഥകളും ചേര്‍ന്ന ഒരു ആനിമേഷന്‍ പ്രോഗ്രാം നമുക്ക് ചെയ്ത്കൂടേയെന്ന് തിരക്കി. എനിക്കും താത്പര്യമായിരുന്നു അത്തരമൊരു പ്രൊജക്ട്‌. അത് തികച്ചും കേരളീയമായിരിക്കണമെന്ന്‌ ഞാന്‍ ആഗ്രഹിച്ചു. അതില്‍ മഞ്ഞുള്ള ദേശത്തെ വീടുകളും വിദേശകുട്ടികളും ഉണ്ടാകരുതെന്നും ആഗ്രഹിച്ചു. “മൂന്നു സഞ്ചിനിറയെ ആടിന്റെ രോമം എങ്ങനെ കിട്ടിയെന്നറിയാതെ” "ബാ...ബാ... ബ്ലാക്ക് ഷീപ് " എന്ന്‌ വാപൊളിക്കുന്ന നമ്മുടെ കുട്ടികള്‍ക്ക്‌ വേണ്ടിയൊരു സിഡി. (അവരുടെ മാതാപിതാക്കള്‍ക്കിഷ്ടപ്പെടുമോന്നറിയില്ല).

അതിലേക്കുള്ള നാടന്‍ പാട്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വരികളുടെ എണ്ണം കുറവുള്ളത്‌ മാത്രമെടുക്കാന്‍ തീരുമാനിച്ചു. കുട്ടികള്‍ക്ക്‌ ഓര്‍ത്തിരിക്കാനെളുപ്പമാകട്ടെ. നല്ലൊരു കാവ്യാസ്വാദകന്‍ കൂടിയായ സംഗീത സംവിധായകന്‍ കെ എം ഉദയനോടൊപ്പം കുറേ നാടന്‍പാട്ടുകളില്‍ നിന്നും ആറെണ്ണം തിരഞ്ഞെടുത്തു. നാടന്‍ പാട്ടുകള്‍ സംഗീതം നല്‍കി അവതരിപ്പിക്കുമ്പോള്‍ ചെയ്യാറുള്ള സ്ഥിരം മാതൃക ഒഴിവാക്കണമെന്ന്‌ പറഞ്ഞു. പകരം ലളിതവും താളാത്മകവുമായ സംഗീതമായിരിക്കണമെന്നും ഉദയന്‍ മാഷിനോട്‌ സൂചിപ്പിച്ചു.

നാടന്‍ പാട്ടുകളെല്ലാം പ്രദേശികമാണല്ലൊ. എന്റെ നാട്‌ കൊല്ലം ജില്ലയിലാണ്‌ കടയ്ക്കലിനടുത്ത്‌ വളവുപച്ച എന്ന ഗ്രാമം. അവിടെ ഞാന്‍ പ്രൈമറിക്ളാസില്‍ പഠിക്കുമ്പോള്‍ (എഴുപതുകളില്‍) ഞങ്ങള്‍ കുട്ടികള്‍ പാടുമായിരുന്ന ഒരു പാട്ടെനിക്ക്‌ ഓര്‍മ്മവന്നു. അതിങ്ങനെ-
"മേലോട്ട്‌ നോക്കെടി ചക്കീ
ഏറോപ്ളേന്‍ പോണത്‌ കണ്ടാ
അയ്യ! ഇതാരുടെ വേല
ഇത്‌ സായിപ്പമ്മാരുടെ വേല"

ഈ ഗാനവും ഞങ്ങള്‍ തിരഞ്ഞെടുത്തിരുന്നു. ഞാന്‍ കരുതിയിരുന്നത്‌ ഇത്‌ കേരളം മൊത്തം അറിയപ്പെടുന്ന പാട്ടെന്നായിരുന്നു. എന്നാല്‍ ഉദയന്‍ മാഷിനുള്‍പ്പടെ എനിക്കറിയാവുന്ന എറണാകുളത്തുകാരില്‍ ഒരാള്‍ പോലും ഈഗാനം കേട്ടിട്ടുണ്ടായിരുന്നില്ല! എന്നാല്‍ നാട്ടില്‍ പുതിയ തലമുറയിലെ കുട്ടികളും ഈ പാട്ട്‌ പാടുന്നത്‌ ഞാന്‍ കേട്ടിരുന്നു. അപ്പോള്‍ ഒരു സംശയം- ഈ പാട്ട്‌ കൊല്ലം ജില്ലയുടേതാണോ? അതോ തെക്കന്‍ കേരളത്തിന്റേതോ?

കെ എം ഉദയന്‍ അതിമനോഹരമായി ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. ഞാന്‍ പ്രതീക്ഷിച്ചതിലും മേലെ. "മേലോട്ട്‌ നോക്കെടി" പാടിയത്‌ മിനിയും ശ്രുതിയുമായിരുന്നു. ജയറാം കാലത്തെ കലാഭവന്റെ മുഖ്യഗായകനായിരുന്ന സാബുവിന്റെ ഭാര്യയും മകളും. ഈ പാട്ടിന്റെ താളം കേട്ടപ്പോഴേ എന്റെ മനസ്സില്‍ മണികിലുക്കി നീങ്ങുന്ന ഒരു കാളവണ്ടി തെളിഞ്ഞു. എന്റെ കുട്ടിക്കാലം ഞാനോര്‍ക്കുന്നു.

സിഡിയുടെ പേര്‌- മിടുമിടുക്കന്‍



യൂട്യൂബിലെ വീഡിയോക്ക്‌ കിട്ടിയ ഒരു കമന്റ് ഇങ്ങനെ-
nsgkumar
:-)Thanks Boss..I am loving it~

Took me so many years back down the memory lane..I vividly remember this being sung to me by Ammoomma while she desperately tried to feed my daily ration of Farex!

May be it worked..I am a Commercial Pilot who fly for a living!

Thursday, November 15, 2007

ആനിമേഷന്‍ പഠിക്കാന്‍ തുടങ്ങുന്നവര്‍ക്കായി...

കേരളത്തില്‍ ആനിമേഷനെക്കുറിച്ചുള്ള അവബോധത്തിന്‌ മികച്ച തുടക്കം കുറിച്ചത്‌ തിരുവനന്തപുരം ടെക്നോപാര്‍ക്കിലുള്ള 'ടൂണ്‍സ്‌ ആനിമേഷന്‍‘ എന്ന സ്ഥാപനമാണ്‌. ഒരു അമേരിക്കന്‍ മലയാളിയായിരുന്നു അതിന്‌ പിന്നില്‍. 500 ഓളം ആര്‍ട്ടിസ്റ്റുകള്‍ പണിയെടുക്കുന്ന ഈ സ്ഥാപനം വിദേശത്തുള്ള പ്രേജക്ടുകള്‍ ഏറ്റെടുത്ത്‌ ചെയ്ത്കൊടുക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. ഇടയ്ക്ക്‌ 'തെന്നാലിരാമന്‍' എന്ന ഒരു ആനിമേഷന്‍ സീരിയല്‍ അവര്‍ സ്വന്തമായി നിര്‍മ്മിക്കുക ഉണ്ടായെങ്കിലും അത്‌ വേണ്ടത്ര ശ്രദ്ധപിടിച്ചു പറ്റിയില്ല. എങ്കിലും കേരളത്തിന് അഭിമാനപൂര്‍വം പറയാവുന്ന നിലയില്‍ ഒരു ആനിമേഷന്‍ സ്ഥാപനമുള്ളത് “ടൂണ്‍സ്“ തന്നെയാണ്. ഇപ്പോള്‍ "Hanuman Returns" എന്ന ഹിന്ദി ആനിമേഷന്‍ സിനിമയുടെ പണിപ്പുരയിലാണ് ടൂണ്‍സിപ്പോള്‍!

ചെറിയ ചെറിയ ആനിമേഷന്‍ സ്റ്റുഡിയോകള്‍ കേരളത്തില്‍ അങ്ങിങ്ങായി ആരംഭിച്ചെങ്കിലും കേരളത്തിന്‍റെ അല്ലെങ്കില്‍ ഇന്ത്യയിലെ ആനിമേഷന്‍ മാര്‍ക്കറ്റിനെക്കുറിച്ചുള്ള ധാരണ ഇല്ലായ്മ, ആനിമേഷന്‍റെ സാങ്കേതികതയില്‍ വേണ്ടത്ര അറിവില്ലായ്മ ഒക്കെക്കൂടി ആ കമ്പനികളുടെ നിലനില്‍പ്പിനെ ബാധിച്ചു.

പത്രക്കാരും ആനിമേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും കൊട്ടിഘോഷിക്കുന്നത്‌ പോലുള്ള സാദ്ധ്യത ആനിമേഷന്‍ ഫീല്‍ഡില്‍ ഇന്ത്യയ്ക്കുണ്ടോ?
ഇല്ലെന്ന്‌ വേണം കരുതാന്‍!

3D യ്ക്കാണ്‌ ഇന്ന്‌ ഡിമാന്റ്‌ കൂടുതല്‍. പക്ഷേ ഇന്ത്യന്‍ സാഹചര്യത്തില്‍ ക്വാളിറ്റിയുള്ള 3D ആനിമേഷന്‍ ലാഭകരമായി വിറ്റഴിക്കാന്‍ പ്രയാസമാണ്‌. ഒരു ആനിമേഷന്‍ സംസ്കാരം നമുക്കില്ലത്തതാണ്‌ പ്രധാന കാരണം. കാര്‍ട്ടൂണ്‍ സിനിമകള്‍ കുട്ടികള്‍ക്ക്‌ മാത്രമുള്ളതാണെന്ന്‌ ഏതാണ്ട്‌ നല്ലശതമാനം ആള്‍ക്കാരും കരുതുന്നു. കാര്‍ട്ടൂണ്‍ സിനിമകള്‍ കാണുന്നതോ അത്‌ കണ്ട്‌ ചിരിക്കുന്നതോ പക്വതയില്ലാത്ത പരിപടിയണെന്ന്‌ പൊതുവെ ധാരണയുള്ളതു പോലെ തോന്നുന്നു. ഇത്തരത്തില്‍ കുട്ടികള്‍ക്ക്‌ മാത്രമായയി സംവരണം ചെയ്യപ്പെട്ട ഒരു മാര്‍ക്കറ്റില്‍ ഏറെ പണച്ചിലവ്‌ വരുന്ന ഒരു മീഡീയക്ക്‌ എത്രനാള്‍ പിടിച്ച്നില്‍ക്കാനാവും?

CEL ആനിമേഷന്‍ എന്നാണ്‌ പാരമ്പര്യ 2D ആനിമേഷന്‌ പറയാറുള്ളത്‌. (ആദ്യകാലത്ത്‌ സെല്ലുലോയ്ഡ്‌ ഷീറ്റിലായിരുന്നു ആനിമേഷന്‌ വേണ്ടിയുള്ള ചിത്രങ്ങള്‍ വരച്ചിരുന്നത്‌. ഇന്ത്യയിലെ ആദ്യത്തെ ആനിമേഷന്‍ കഥാപാത്രം കൂടി അഭിനയിച്ച സിനിമ 'ഓ ഫാബി' നിര്‍മ്മിച്ചതും ഈ സങ്കേതം ഉപയോഗിച്ചായിരുന്നു.) CEL ആനിമേഷനു വളരെയേറെ ആനിമേറ്റര്‍മാരും സമയവും ആവശ്യമാണ്‌. അതുകൊണ്ട്‌ തന്നെ 2D CEL ആനിമേഷന്‍ വളരെ ചിലവേറിയതുമാണ്‌. 3D ആനിമേഷനാകട്ടെ വളരെ മികച്ച കംപ്യൂട്ടറും സമയവും ആവശ്യമാണ്‌ - നല്ല ആനിമേഷന്‍ സൃഷ്ടിക്കാന്‍. ഇങ്ങനെയൊരവസരത്തില്‍ സ്വതന്ത്രമായി ഏറെ ചിലവ്‌ കുറച്ച്‌ ചെയ്യാന്‍ പറ്റിയ ആനിമേഷന്‍ മെത്തേഡ്‌ നമുക്കാവശ്യമായി വരുന്നു.

കംപ്യൂട്ടറിനെയൊരു 'അതിശയ യന്ത്ര 'മായി കാണുകയയാണ്‌ നമ്മള്‍ ഭൂരിഭാഗവും. കംപ്യൂട്ടര്‍ അറിയാവുന്നവരും അതില്‍ പണിയെടുക്കുന്നവര്‍ പോലും കംപ്യൂട്ടര്‍ വെറുമൊരു ഉപകരണ (tool)മാണെന്ന്‌ തരിച്ചറിയാന്‍ ശ്രമിക്കുന്നില്ല. പ്രമുഖ പത്രങ്ങളില്‍ പോലും ഇതിന്റെ പ്രതിഫലനം കാണാം. ഈയിടെ മലയാളത്തിലെ ഒരു ദിനപ്പത്രത്തില്‍ കണ്ടു-“ കംപ്യൂട്ടര്‍ തയ്യാറാക്കിയ കുറ്റവാളിയുടെ ചിത്രമെന്ന്‌“! അത്‌ വായിക്കുന്ന സാധാരണക്കാരന്‍ എന്തായിരിക്കും‌ കരുതുക? “കുറ്റവാളിയെക്കുറിച്ചുള്ള വിവരണം ഒരാള്‍ കംപ്യൂട്ടറിനോട്‌ പറയുന്നു, കംപ്യൂട്ടര്‍ ഒരു നിമിഷം പോലും ചിന്തിക്കാനെടുക്കാതെ കുറ്റവാളിയുടെ മുഖം സ്ക്രിനില്‍ ഡിസൈന്‍ ചെയ്തുകാണിക്കുന്നു“ - എന്ന രീതിയിലായിരിക്കാം .

നമുക്കറിയാം അങ്ങനെയെരു കംപ്യൂട്ടറും ഉണ്ടായിട്ടില്ലെന്ന്‌. ഇനിയിപ്പോള്‍ കംപ്യൂട്ടറില്‍ തയ്യാറാക്കിയ കുറ്റവാളിയുടെ ചിത്രം എന്നെഴുതിയാല്‍ തന്നെ ആ പ്രയോഗം ശരിയാണോ? പേന ഉപയോഗിച്ച്‌ അല്ലെങ്കില്‍ പെന്‍സില്‍ ഉപയോഗിച്ച്‌ തയ്യാറാക്കിയ ചിത്രം എന്ന്‌ പൊതുവേ പ്രയോഗിക്കാറുണ്ടോ? ഇവിടെ പേനയ്ക്കും പെന്‍സിലിനുമുള്ള പ്രാധാന്യമേ കംപ്യൂട്ടറിനുമുളളു. കംപ്യൂട്ടറാണെങ്കില്‍ ചിത്രകാരന്‍ വേണ്ടയെന്ന ധാരണയാണ്‌ മേല്‍ പറഞ്ഞ പത്രക്കുറിപ്പുകൊണ്ടുണ്ടാകുന്നത്‌.

നിങ്ങള്‍ക്ക്‌ പേപ്പറില്‍ വരയ്ക്കാന്‍ അറിയില്ലെങ്കില്‍ കംപ്യൂട്ടറിലും വരയ്ക്കാനാകില്ല. കംപ്യൂട്ടര്‍ നിങ്ങളുടെ ജോലി ലഘൂകരിക്കുമെന്നേയുള്ളു. അതൊന്നും സ്വന്തമായി സൃഷ്ടിക്കുന്നില്ല.

കുറച്ച്‌ വിശദമായി ഇത്രയും എഴുതിയത്‌ ആനിമേഷന്‍ പഠിക്കാനിറങ്ങി പുറപ്പെടുന്നവര്‍ മുന്‍കൂട്ടി ആലോചിച്ച ശേഷം വേണമതിന്‌ തയ്യാറാകാന്‍ എന്ന്‌ സുചിപ്പിക്കാന്‍ കൂടിയാണ്‌. ആനിമേഷന്‍ പഠിക്കണമെങ്കില്‍ ഒന്നുകില്‍ നിങ്ങള്‍ക്ക്‌ നന്നായി വരയ്ക്കാനുള്ള കഴിവുണ്ടായിരിക്കണം. അല്ലെങ്കില്‍ സിനിമയോടുള്ള നല്ല താല്‍പര്യം. ആനിമേഷന്‌ ഇപ്പോള്‍ നല്ല സ്കോപ്പുണ്ട്‌ എന്ന്‌ കേട്ട്‌ ചാടിപുറപ്പെടുന്നവരാണധികവും. മറ്റ്‌ ഓഫീസാവശ്യങ്ങള്‍ക്കുള്ള സോഫ്റ്റ്‌വെയറുകള്‍ പഠിക്കുന്നതുപോലെ പഠിച്ചതുകൊണ്ടായില്ല. പ്രതിഭയും പ്രയത്നവും വേണം ആനിമേഷന്‌. 2D ആനിമേഷനായാലും 3D യായലും ആനിമേഷന്റെ അടിസ്ഥാനതത്വങ്ങള്‍ ഒന്ന്‌ തന്നെയാണ്‌. അത്‌ പാലിക്കാതെ ആനിമേഷന്‍ ചെയ്യാനാകില്ല. ഒരു കഥാപാത്രത്തെ കമ്പ്യൂട്ടറില്‍ സൃഷ്ടിച്ച്‌ അതിനു ആവശ്യമുള്ള ഭാരവും ജീവനും തോന്നിപ്പിക്കാനും കഴിയണം. ഒരു തൂവലും ഇരുമ്പും ഒരേ പോലാകില്ലലോ വീഴുന്നത്‌. വലിയ ഒരു ഇരുമ്പ്‌ കട്ടിയും തീരെ ചെറിയ ഇരുമ്പ്‌ കട്ടിയും തറയില്‍ വീഴുമ്പോള്‍ ഉള്ള പ്രതീകരണം വ്യത്യാസമായിരിക്കുകയില്ലെ. ഇവിടെയെല്ലാം ടൈമിംഗിനെക്കുറിച്ചും ചലനങ്ങളെക്കുറിച്ചും നല്ല ധാരണയുണ്ടാകണം. അത്പോലെ നല്ല സിനിമകള്‍ ശ്രദ്ധിച്ച്‌ അതിന്റെ തന്നെ ക്യാമറാ ആംഗിളുകള്‍ കട്ടിംഗ്കളും ആനുകരിച്ച്‌ പഠിക്കണം. കാരണം നമ്മള്‍ വരച്ചാണ്‌ സിനിമ ഉണ്ടാക്കുന്നതെങ്കിലും ക്യാമറ മൂവ്മെന്‍സ്‌ എല്ലാം സാദാ സിനിമയുടേത്‌ തന്നെയാണ്‌. സിനിമയ്ക്ക്‌ പ്രയാസമുള്ള ക്യാമറാ മൂവ്മെന്‍റുകള്‍ ആനിമേഷനില്‍ പരീക്ഷിക്കുകയും ചെയ്യാം.